Sunday 6 May 2012

മടക്കയാത്ര 


പിറക്കാത്ത മകനേ-
യെനിക്കു നിന്‍ ജന്മം
ഗണിക്കേണ്ട, ലോകം-
പിഴയ്ക്കുന്ന കാലം
പഴക്കാടു വെട്ടി-
ത്തെളിച്ചിട്ടമണ്ണില്‍
പടച്ചോറുമാത്രം;
ജനിക്കാതിരിയ്ക്ക!
പ്രിയപ്പെട്ട മകളേ,
പടിഞ്ഞാറു നോക്കി -
ച്ചിരിക്കേണ്ട, സൂര്യന്‍
ചതിക്കുന്ന നേരം
ഉടുപ്പിട്ടു വീടിന്‍-
പുറത്തേക്കിറങ്ങി -
ക്കളിക്കേണ്ട, നോട്ടം
വിയര്‍ക്കുന്നു വഴിയില്‍..

വഴക്കിട്ടു പോയി-
ക്കുടിച്ചെത്തിയച്ഛന്‍
കുടഞ്ഞിട്ടൊരമ്മ-
ക്കിനാവിന്റെ തൊട്ടില്‍
കയര്‍ പൊട്ടി വീണോ-
രിടം നോക്കി വീണ്ടും
നടക്കുന്ന പെങ്ങള്‍
മുറിഞ്ഞറ്റ ബോധം
നരിച്ചീറു കീറി-
പ്പറിച്ചന്തരീക്ഷം
കറുപ്പിച്ചു കണ്ണീര്‍-
കുടിപ്പിച്ച വര്‍ഷം
തകര്‍ത്തിട്ടു പോയോ-
രിടത്താണ് നമ്മള്‍
ചിതല്‍പ്പുറ്റിനൊപ്പം
ചലിയ്ക്കുന്നതിപ്പോള്‍..

കരിമ്പക്ഷി  വീണ്ടും
പകല്‍ തിന്നിടുന്നു
പടിഞ്ഞാറു ചോര-
ക്കറയില്‍ മുക്കുന്നു
പുറമ്പോക്കിലാരോ
പഴിക്കുന്നു ജന്മം
കുടംകോരി മുറ്റ-
ത്തുടഞ്ഞ നിര്‍ഭാഗ്യം
മതില്‍ കെട്ടിനിര്‍ത്തു-
മാള്‍ക്കൂട്ടത്തിനുള്ളില്‍
നിറങ്ങളായ് വേറിട്ട
കള്ളിപ്പെരുക്കം
വിയര്‍ക്കാതെയെന്നും
നുണയ്ക്കുന്ന വീഞ്ഞില്‍
മയങ്ങുന്ന പുത്തന്‍-
തലമുറച്ചിത്രം

വിഷം തീണ്ടിടുന്നൂ
മനസ്സും നഭസ്സും
പുഴപ്പാട്ടുമൊപ്പം
കുളിര്‍ തന്ന കാറ്റും
ചിരിയ്ക്കുന്ന കാടും
കടലും നിലാവും
പിറക്കുന്ന കുഞ്ഞും
പൊഴിക്കുന്ന വാക്കും
നിനക്കായി മാത്രം
വിരിഞ്ഞില്ല പൂക്കള്‍
നമുക്കായി മാത്രം
കിളിപ്പാട്ടുമില്ല
എനിക്കെന്റെ ദാഹം
നിനക്കു നിന്‍മോഹം
വിളിച്ചോതിടുന്നോര്‍
മുറിയ്ക്കുന്നു രാഗം

പണ്ടൊരാള്‍ക്കൂട്ടം
മെനഞ്ഞ സ്വപ്‌നങ്ങള്‍
പറിച്ചെടുത്താരോ-
മുറിച്ചു നീക്കുമ്പോള്‍
മുതുക്കിക്കവുങ്ങു-
മുറ്റത്തേതു കോണില്‍
വിറച്ചോതിയാരും-
ചുവക്കാത്തതെന്തേ?
ദൈവനാടെന്നു
പേരിട്ടോമനിച്ചോര്‍
വിരുന്നൂട്ടി വില്‍ക്കുവാ-
നിനിയെന്തു ബാക്കി?
പകര്‍ത്തുകീപച്ച
തിരിച്ചെത്തിടുമ്പോള്‍
ചലിയ്ക്കുന്ന ചിത്രം
ചരിത്രമായേക്കാം !

മടിക്കേണ്ട മകളേ,
മടങ്ങാം, നമുക്കീ -
മടുപ്പിച്ച നാടിന്‍
നടുക്കത്തില്‍ നിന്നും
നഗരങ്ങളൊന്നും
ദരിദ്രങ്ങളല്ല
മനുഷ്യന്‍ മനസ്സില്‍
മരിക്കാത്ത കാലം!

Friday 4 May 2012

ഒഴിവാക്കാന്‍ വയ്യാത്ത ചിലത്...


അവള്‍, 
ചൊക ചൊകാ... 
സുന്ദരിയായിരുന്നു.. 

അവനോ, 
ദൃഡഗാത്രന്‍... 
സുന്ദരനും. 

തെരുവോരത്ത് 
വീമ്പിളക്കി 
നില്‍ക്കുകയായിരുന്നു..

രണ്ടുപേരേയും 
പൊക്കിയെടുത്തതും
കൊണ്ടുപോയതും 
പെട്ടെന്നും. 

നഗ്നയാക്കി, 
മെത്തയ്ക്കരികില്‍
നിര്‍ത്തിയപ്പോള്‍, 
അവള്‍ പിറുപിറുത്തു.

അരിഞ്ഞടുക്കി, 
വൈദ്യുത ശ്മശാനത്തിലേക്കെടുക്കും മുന്‍പ് 
ഒരാളുടെയെങ്കിലും 
കണ്ണീരു കാണാനായല്ലോ... 

തൊലിപൊളിഞ്ഞ്
തിളയ്ക്കുന്ന പുളിവെള്ളത്തില്‍ 
ചത്തു മലയ്ക്കും മുന്‍പ് 
അവന്‍ ശപിച്ചു.

ഇതു  ചെയ്തവന്,  
പ്രമേഹം തന്നെ! 

ഇന്നും,
കണ്ണീരൊപ്പിയും...
രക്തം പരിശോധിപ്പിച്ചും.... 

എന്നാലും, 
സാമ്പാറിന്റെയും 
സാന്‍ഡ്‌വിച്ചിന്റെയും 
രുചിക്ക്,
ചിലതൊക്കെ ഒഴിവാക്കാന്‍ വയ്യേ!


പ്രതീക്ഷ

പുതിയ കാഴ്ചകള്‍ നിറയുന്നു ചുറ്റിലും
പഴയ കണ്ണില്‍ പരിഭ്രമക്കൂടുകള്‍
നിറകതിര്‍ പുഞ്ചിരിക്കാത്ത ജീവിത -
ക്കരിനിലങ്ങള്‍, ചുവക്കുന്ന വാക്കുകള്‍
ഇന്നലെകള്‍ കുടുങ്ങിയകണ്ണുകള്‍
പിന്‍നിലാവുകള്‍ ഭൂതസഞ്ചാരങ്ങള്‍ 
പണ്ടു ചായം കൊടുത്ത ചിത്രാംബരം
നാളെ നേടാന്‍ നനയ്ക്കും പ്രതീക്ഷകള്‍

തോരണം ചാര്‍ത്തി നില്‍ക്കുന്ന സന്ധ്യകള്‍
തേനില്‍മുക്കിച്ചിരിച്ച വാഗ്ദാനങ്ങള്‍
യാത്രകള്‍ വൈകിയാല്‍, വഴിതെറ്റിയാല്‍
പേക്കിനാക്കള്‍ ചുരത്തുന്ന വീഥികള്‍
വറുതി മാത്രം മരിക്കാത്ത നാളുകള്‍
വാതുകള്‍, വിലപേശുന്ന വേളികള്‍
കാരണം കടഞ്ഞെത്തുന്നതിന്‍ മുന്‍പ്
പാതി തുപ്പുമന്വേഷണാവര്‍ത്തനം

പോക്കുവെയിലില്‍ത്തളരും ധമനികള്‍
നോക്കിനും കൂലി തേടുന്ന വേലകള്‍
ഭാഷയും, ഭോഗ - ഭക്ഷണാസക്തിയും
ഘോഷമാക്കുന്ന കാഴ്ച്ചബംഗ്ലാവുകള്‍
യന്ത്രസങ്കേത സാഗരം കനിയുന്ന
തന്ത്രവിദ്യതന്‍ ചാകരക്കോളുകള്‍
പുതിയ വേഷങ്ങള്‍, ഭൂഷകള്‍, വാഹന -
ക്കൊതി, നുരയ്ക്കുന്ന മാദകരാത്രികള്‍

ഇനിയുമിവിടെയുണ്ടേറെപ്പ്രദര്‍ശന-  
നിരകളായ്ത്തീര്‍ന്ന കണ്‍കെട്ടു വിദ്യകള്‍
വെറുതെവീണ്ടു മുള്‍ക്കണ്ണു പായിക്കവേ
മനമൊരോര്‍മ്മക്കടലുനീന്തുന്നുവോ?

ഹരിതസാനുക്കള്‍, പുഴകള്‍, കിളിപ്പാട്ട്‌
പഴയ പട്ടണം, കട കടാ വണ്ടികള്‍
പുലരിമഞ്ഞില്‍പ്പുതച്ചനെല്‍വയലുകള്‍
തോട്ടുവക്കില്‍ ചിരിച്ച പൂക്കൈതകള്‍
ചിതലെടുത്ത വിദ്യാലയച്ചുമരുകള്‍
മഷി കുടഞ്ഞിട്ട ബാല്യശേഷിപ്പുകള്‍
ഉയരുവാന്‍ നമിക്കേണമെന്നുരുവിട്ട
പഴയമൊഴികളാം മധുരനെല്ലിക്കകള്‍

വിനയവും സദാചാരവും ജീവിത -
പ്രേമവും മാതൃഭാഷയും, മൂല്യവും
വിശ്വസംസ്ക്കാര പാലകരാകുവാന്‍
വീറുണര്‍ത്തിച്ച വാക്കും പ്രവൃത്തിയും
വീണുപോയോ കളഞ്ഞോ കവര്‍ന്നുവോ  
മണ്ണടിഞ്ഞോ മനം മരവിച്ചുവോ
ഇന്നലെയില്‍ക്കുടുങ്ങിയ കണ്ണില്‍ നി-
ന്നിത്തിരിക്കണ്ണുനീരടര്‍ന്നിറ്റുവോ? 

പുതിയ കാഴ്ചകള്‍ പടരുന്നു ചുറ്റിലും
പഴയ കണ്ണില്‍ പരിഭ്രമക്കാടുകള്‍
നിറനിലാവണിഞ്ഞീടാത്തജീവിത -
പ്പെരുവഴിയില്‍ച്ചുവക്കുന്നു വാക്കുകള്‍

ഇന്നു ചായം കൊടുക്കുന്ന ജീവിത -
ച്ചിത്രണങ്ങളില്‍ സ്വപ്നം കലര്‍ത്തുക
പിന്‍ നിലാവില്‍ നിന്നൂറുന്ന രശ്മികള്‍
മുന്നിലേക്കു തിരിച്ചു വിട്ടേക്കുക
നേരുചീന്തിപ്പറിച്ചു കാണിയ്ക്കുവാന്‍
മധുരമില്ലാത്ത വാക്കു കൂര്‍പ്പിക്കണം
വരികളില്‍ കണ്ണു കുതറി മാറുമ്പോഴും
ഇരുവരികള്‍ക്കിടയ്ക്കു വായിക്കണം

ഇന്നലെയെത്തിരുത്തട്ടെ തൂലിക
ഇന്നിനൊപ്പം ചലിക്കട്ടെ ചിന്തകള്‍  
വേര്‍പ്പുനീരില്‍ക്കുതിരട്ടെ ഭൂമിക
നേരറിവായ്‌ പുലരട്ടെ നാളെകള്‍ 
കോര്‍ത്തുവെച്ചിടാം വീണ്ടും പ്രതീക്ഷകള്‍  
കാത്തുനില്‍ക്കുക, കാലം കുതിക്കയായ്,
മെല്ലെ മെല്ലെ കിഴക്കിണിക്കോലായില്‍
കുങ്കുമപ്പൂ വിരിഞ്ഞു കാണും വരെ...!